ചിന്താക്രാന്തൻ

2 October 2015

അനുഭവക്കുറിപ്പ്. ദുരിതപൂര്‍ണ്ണമീജീവിതം


നേരം നട്ടുച്ചയായി ക്കാണും വാഹനത്തിലെ ഏസി പരമാവധി വേഗത്തിലാക്കിയിട്ടും നെറ്റിയില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നുണ്ടായിരുന്നു.വാഹനത്തിന്‍റെ ചില്ലുകളില്‍ സ്പര്‍ശിച്ചാല്‍ കൈ പൊള്ളും . തൊഴിലിന്‍റെ ഭാഗമായി എനിക്ക് ഒരുപാട് യാത്രകള്‍ ചെയ്യേണ്ടതുണ്ട് .ഇന്ന് യാദൃശ്ചികമായാണ് ഇറാന്‍ സ്വദേശി വയോവൃദ്ധനായ അലിയെ പരിചയപ്പെട്ടത്‌ .അദ്ദേഹത്തിന്‍റെ ശരീരമാസകലം ചുളിവുകള്‍ വീണിട്ടുണ്ട് .വെളുത്ത ശരീരം വെയില്‍ കൊണ്ട് ചുമന്നിരിക്കുന്നു.രോമങ്ങള്‍ക്ക് തൂവെള്ള നിറം . ദൂരെ നിന്നും ചുമട് താങ്ങി വരുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി . ഞാന്‍ വാഹനം ഓരം ചേര്‍ത്ത് നിറുത്തി അദ്ദേഹത്തെ വീക്ഷിച്ചുകൊണ്ടിരുന്നു .

കഠിനമായ സൂര്യതാപമേറ്റ് അദ്ദേഹത്തിന്‍റെ ശരീരമാസകലം വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു.നടക്കുവാനും വളരെയധികം ബുദ്ധിമുട്ടുന്നുണ്ട് .കണ്ടാല്‍ ഏതാണ്ട് എണ്‍പത് വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിക്കും.ഇത്രയും പ്രായമായിട്ടും അദ്ദേഹം തൊഴില്‍ ചെയ്യുന്നുണ്ടെങ്കില്‍ അയാളുടെ സ്വദേശത്ത്‌ ഇവിടെ അദ്ദേഹം തൊഴില്‍ ചെയ്തു സമ്പാദിക്കുന്ന പണം കൊണ്ട് ജീവിക്കുന്നവരുണ്ടാകും.അദ്ദേഹത്തിന് വേണ്ടിയായിരിക്കില്ല ഈ  വാര്‍ദ്ധക്യ കാലത്ത്  തൊഴിലെടുക്കുന്നത്‌ എന്ന് എന്‍റെ മനസ്സ് മന്ത്രിച്ചു.വാര്‍ദ്ധക്യത്തില്‍ സ്വസ്ഥമായി ജീവിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഈ ഭൂലോകത്തുണ്ടാവുകയില്ല.ജീവിത പ്രാരാബ്ധങ്ങളുള്ളവർ   വാര്‍ദ്ധക്യത്തിലും തൊഴിലെടുക്കാതെ പിന്നെ എന്തുചെയ്യും? .

 എനിക്ക് അദ്ദേഹത്തെ കുറിച്ചറിയുവാന്‍ ജിജ്ഞാസയുണ്ടായി . അല്പദൂരം പിന്നിട്ടപ്പോള്‍ . ഒരു വീടിനു മുമ്പില്‍ സ്ഥാപിച്ച കുടിവെള്ളം കുടിക്കുവാനായി അദ്ദേഹം ചുമട് ഇറക്കിവെച്ചു .ച്ചുമെടെന്നു പറഞ്ഞാല്‍ ഗള്‍ഫുനാടുകളില്‍ തക്കാളിയും മറ്റു ചില മലക്കറികളും പേക്ക്‌ ചെയ്തുവരുന്ന പെട്ടികള്‍ .അദ്ദേഹം ആര്‍ത്തിയോടെ വെള്ളം കുടിക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കിനിന്നു.തൊണ്ട വരണ്ടുണങ്ങിയാല്‍ വെള്ളം കുടിക്കുവാന്‍ ലഭിച്ചാല്‍ ആ വെള്ളത്തിനുള്ള സ്വാദ് വേറെ ഒന്നില്‍ നിന്നും ലഭിക്കുകയില്ല . വെള്ളംകുടിച്ചു തിരിഞ്ഞപ്പോഴാണ് അദ്ദേഹം എന്നെ കാണുന്നത് . പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് സലാം പറഞ്ഞു.ഞാന്‍ സലാം പറഞ്ഞതിനു ശേഷം എനിക്ക് അറിയുവാനുള്ളതൊക്കെ ചോദിച്ചുകൊണ്ടിരുന്നു .വളരെ സൌമ്യനായി അദ്ദേഹം എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.

അദ്ദേഹം ഹിന്ദി ഭാഷയിലാണ് എന്നോട് സംസാരിച്ചത് .അഫ്ഘാനിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന ഇറാനിലെ ഒരു കുഗ്രാമത്തിലാണ് അദ്ദേഹത്തിന്‍റെ വസതി .ആ ഗ്രാമത്തില്‍ വസിക്കുന്നവരില്‍ ഇറാനില്‍ മൊത്തം ജനസംഖ്യയില്‍ പത്തുശതമാനം മാത്രമുള്ള സുന്നി ഇസ്ലാമില്‍ പെട്ടവരാണ് . എണ്‍പത്തി ഒന്‍പതു ശതമാനമുള്ള ഷിയാ ഇസ്ലാമില്‍ പെട്ടവര്‍ക്കാണ് ഇറാനില്‍ മേല്‍ക്കോയ്മ .അതുകൊണ്ടുതന്നെ സുന്നി ഇസ്ലാമില്‍ പ്പെട്ടവര്‍ക്ക് ഇറാനില്‍ ജീവിതം ദുസ്സഹമാണ് അദ്ദേഹത്തിന്‍റെ ഗ്രാമത്തില്‍ ഇപ്പോഴും വൈദ്യുതിയോ ജലവിതരണമോ ഇല്ല .മഴവെള്ളം സംഭരിച്ചാണ് ആ ഗ്രാമത്തിലെ ജനങ്ങള്‍ ജീവന്‍ നിലനിറുത്തുന്നത്.അദ്ദേഹത്തിന് ആറു മക്കളാണ് അഞ്ചു പെണ്‍മക്കളും ഏറ്റവും ഇളയത് ഒരു ആണ്‍കുട്ടിയും .മകന് ഇപ്പോള്‍ പതിനാല് വയസ്സ് കഴിഞ്ഞു.അദ്ദേഹം ആദ്യകാലങ്ങളില്‍ കെട്ടിടനിര്‍മാണ തൊഴിലുകള്‍ ചെയ്തിരുന്നു .ഇപ്പോള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ പിടിപ്പെട്ടതിനാല്‍ ആ തൊഴിലിന് പോകുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.ഈ പെട്ടികള്‍ പെറുക്കി വിറ്റാല്‍ മാസം ആയിരം റിയാല്‍ പോലും തികയ്ക്കുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് നിരാശ നിഴലിക്കുന്നത് ഞാനറിഞ്ഞു.

ഊണിനുള്ള സമയമായതിനാല്‍ ഞാന്‍ അദ്ദേഹത്തിന് ഭക്ഷണം വാങ്ങിക്കൊണ്ടു വന്നുതരാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത് സ്നേഹത്തോടെ നിരസിച്ചു .അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചോട്ടെ എന്ന എന്‍റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം കേട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സിലെ നന്മ ഞാന്‍ തിരിച്ചറിഞ്ഞു.അദ്ദേഹം പറഞ്ഞത് ഇങ്ങിനെയായിരുന്നു.താങ്കളും എന്നെപ്പോലെയൊരു  പ്രവാസിയാണ് നിങ്ങളുടെ കുടുംബത്തെ വേര്‍പിരിഞ്ഞു ജീവിക്കുന്ന നിങ്ങളുടെ കുടുംബം യാതൊരുവിധ സാമ്പത്തീക പരാധീനതകളും കൂടാതെയാണ് ജീവിക്കുന്നതെങ്കില്‍ നിങ്ങളുടെ സഹായം ഞാന്‍ സ്വീകരിക്കാം അല്ലാത്തപക്ഷം നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിക്കരുത്.എന്‍റെ ജീവിതം സര്‍വശക്തന്‍ നിശ്ചയിച്ചിരിക്കുന്നു ആ ജീവിതം എനിക്ക് ജീവിച്ചു തീര്‍ക്കേണ്ടിയിരിക്കുന്നു.സംസാരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം യാത്രപറഞ്ഞു തന്‍റെ ചുമട് തോളിലേറ്റി നടന്നകന്നു.വളരെ പ്രയാസപ്പെട്ടു നടന്നുനീങ്ങുന്ന അദ്ദേഹം എന്‍റെ ദൃഷ്ടിയില്‍ നിന്നും മറയുന്നത് വരെ ഞാന്‍ അദ്ദേഹത്തെത്തന്നെ നോക്കി നിന്നു.ഏതാനും സമയം വാഹനത്തില്‍ നിന്നും പുറത്തിറങ്ങി നിന്ന എന്‍റെ നെറ്റിയില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന വിയര്‍പ്പുകണങ്ങളോടൊപ്പം എന്‍റെ ഇമകളില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ ലയിക്കുന്നത് ഞാനറിഞ്ഞു.

                                                                                           ശുഭം
rasheedthozhiyoor@gmail.com                                                                                               rasheedthozhiyoor.blospot.qa

20 comments:

  1. എത്ര പറഞ്ഞാലും തീരാത്ത ഒന്നാണ് പ്രവാസ കഥകള്‍ , പറയപ്പെടാതെ പോയ എത്ര പേര്‍ നമുക്ക് ചുറ്റും !! . നന്നായി അവതരിപ്പിചു .

    ReplyDelete
    Replies
    1. നന്ദി ശ്രീ ഫൈസല്‍ ബാബു വായനയ്ക്കും അഭിപ്രായത്തിനും.

      Delete
  2. നൊമ്പരപ്പെടുത്തുന്ന ഒരു വായന.

    ReplyDelete
    Replies
    1. നന്ദി ശ്രീ സുധി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  3. റഷീദ്ഭായ്...

    മനസ്സിന്റെ കോണുകളിൽ ഉടക്കുന്ന കഥാപാത്രങ്ങൾ... കാലമെത്ര കഴിഞ്ഞാലും ഇത്തരം കഥാപാത്രങ്ങൾ സ്മൃതിപഥങ്ങളിൽ നിലനിൽക്കും... ജീവിതത്തിന്റെ നിറഭേദങ്ങൾ...



    ReplyDelete
    Replies
    1. നന്ദി വിനുവേട്ടന്‍ വായനയ്ക്കും അഭിപ്രായത്തിനും .ഇതുപോലെ എത്രയെത്ര നേര്‍കാഴ്ചകള്‍ ദിനേനെയെന്നോണം കണ്ണില്‍ ഉടക്കുന്നു

      Delete
  4. നന്മകള് നേരുന്നു

    ReplyDelete
    Replies
    1. നന്ദി ശ്രീമതി ഗൗരിനാഥന്‍ വായനയ്ക്കും നന്മകള്‍ക്കും

      Delete
  5. വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് താങ്കൾ ഇതിൽ വിവരിച്ചിരിക്കുന്നത്. വാർദ്ധക്യത്തിൽ സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ. എന്നിട്ടും ജീവിത പ്രാരാബ്ധങ്ങളാൽ കഷ്ട്ടപ്പെടുന്ന ആ പാവം വൃദ്ധൻ. താങ്കൾക്ക് സഹായിക്കാൻ തോന്നിയ ആ കരുണ, അതിനെ സ്നേഹപൂർവ്വം നിരസിച്ച ആ നല്ല മനസ്സിനുടമ. ഇത്തരം ആൾക്കാരേ അപൂർവമായേ കാണാൻ കഴിയൂ.
    ഈ എഴുത്തിനു എല്ലാ ആശംസകളും.

    ReplyDelete
    Replies
    1. നന്ദി ശ്രീമതി ഗീത വായനയ്ക്കും അഭിപ്രായത്തിനും.ആ മനുഷ്യന്‍ ചുമട് താങ്ങിയെടുത്ത് നടക്കുന്നത് കണ്ടതുകൊണ്ടാണ് ഞാന്‍ വാഹനം ഓരം ചേര്‍ത്തു നിറുത്തിയത് .സംസാരത്തില്‍ ഉടനീളം വിധിയാണ് എന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു .

      Delete
  6. നമുക്കുചുറ്റുമിങ്ങനെ ഒത്തിരി പേരുണ്ട്..
    ആരോടും ഒന്നും പറയാതെ സ്‌നേഹത്താല്‍ കഴിയുന്നവര്‍..
    ആരും ഇവരോട് അടുക്കുന്നില്ലെന്ന് മാത്രം..
    ഒരു നേരത്തെ അന്നത്തിനായ് പലര്‍ക്കുമുന്നിലും കൈ നീട്ടുന്ന അച്ചനമ്മമാരുണ്ടിവിടെ..
    കുഞ്ഞിമക്കളുണ്ടിവിടെ..
    അവരോടൊന്ന് അടുത്തുനോക്കൂ..
    നാണയതുട്ടോ വയറുനിറയെ ആഹാരോ ഒന്നും കൊടുക്കേണ്ട, ഇത്തിരി സ്‌നേഹം കൊടുത്തുനോക്കൂ..
    അവരും വാ തോരാതെ സംസാരിക്കും.. പോരാഴ്മകള്‍ കുമിഞ്ഞുകൂടിയിട്ടുണ്ടെങ്കിലും സന്തോഷങ്ങള്‍ പങ്കുവെക്കും..
    സ്‌നേഹമുണ്ട് എല്ലാവരിലും..
    പലപ്പോഴും അതു നാം കാണുന്നില്ലെന്ന് മാത്രം..

    നല്ല എഴുത്ത് രീതിയാണ് ഇക്കയുടെത്..
    ആദ്യമായാണ് ഇതുവഴി വരുന്നത്..
    ഒറി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടിയെ ഇന്നാണ് പരിചയപ്പെടുന്നത്..
    വായിക്കാനാഗ്രഹിക്കുന്നു..
    ദൈവം തുണക്കട്ടെ..

    ReplyDelete
    Replies
    1. നന്ദി ശ്രീ മുബാറക്ക്‌ വായനയ്ക്കും അഭിപ്രായത്തിനും .ഇവിടെവരെ വന്നതില്‍ ഒത്തിരി സന്തോഷമുണ്ട് .ഈ എഴുത്ത് എഴുതുവാനുണ്ടായ കാരണം സാമ്പത്തീകമായി ഉന്നതിയിലുള്ള ആരെങ്കിലും അദ്ദേഹത്തെ നേരില്‍ കാണുകയാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ ഒരു കൈ സഹായം ചെയ്യും എന്ന വിശ്വാസത്തോടെയാണ് .മറ്റുള്ളവര്‍ക്ക് വേണ്ടി നമ്മളാല്‍ കഴിയുന്ന സഹായം .നാട്ടിലെ വിലാസം തരികയാണെങ്കില്‍ എന്‍റെ ആദ്യ പുസ്തകം താങ്കള്‍ക്ക് ഞാന്‍ എത്തിച്ചു തരും

      Delete
  7. ‘എന്‍റെ ജീവിതം സര്‍വശക്തന്‍ നിശ്ചയിച്ചിരിക്കുന്നു
    ആ ജീവിതം എനിക്ക് ജീവിച്ചു തീര്‍ക്കേണ്ടിയിരിക്കുന്നു.‘

    ഒരു സൂഫി വചനം പോലെ അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ്.....!

    ReplyDelete
    Replies
    1. നന്ദി ശ്രീ മുരളി മുകുന്ദന്‍ വായനയ്ക്കും അഭിപ്രായത്തിനും .വിശ്വാസികള്‍ അങ്ങിനെയാണ് എത്ര ദുരിത പൂര്‍ണ്ണമായ ജീവിതമാണെങ്കിലും സര്‍വശക്തന്‍ നല്കിയ ജീവിതമാണെന്ന് കരുതി മനസമാധാനം കണ്ടെത്തും

      Delete
  8. കുറിപ്പ് മുമ്പ് വായിച്ചിരുന്നു.
    അഭിപ്രായം എഴുതിയെന്നാണ് വിചാരിച്ചത്.ഇപ്പോള്‍ നോക്കിയപ്പോള്‍ കണ്ടില്ല.
    നന്മകള്‍ നേരുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ശ്രീ സി.വി.റ്റി. വായനയ്ക്കും അഭിപ്രായത്തിനും കുറിപ്പ് മുഖപുസ്തകത്തില്‍ വായിച്ചിരുന്നു അവിടെയാണ് അഭിപ്രായം എഴുതിയിട്ടുണ്ടാവുക

      Delete
  9. റഷീദ് ഭായ്...... നന്മയൂറുന്ന താങ്കള്‍ക്ക് സലാം പറയട്ടെ....... പ്രവാസ ജീവിതത്തിന്‍റെ മരുശേഷിപ്പുകളാകുന്നു ഇത്തരം കാഴ്ച്ചകള്‍..... ചില നൊമ്പരങ്ങളും...... അതേ നൊമ്പരത്തോടെ എഴുതിയ റഷീദ് ഭായിക്ക് ആശംസകൾ നേരുന്നു......

    ReplyDelete
    Replies
    1. നന്ദി ശ്രീ വിനോദ് വായനയ്ക്കും അഭിപ്രായത്തിനും.ചില നേര്‍കാഴ്ചകള്‍ മനസ്സിനെ വല്ലാതെയങ്ങ് നൊമ്പരപ്പെടുത്തുന്നുണ്ട് .വാര്‍ദ്ധക്യത്തിലും കഷ്ടതകള്‍ അനുഭവിക്കുന്നവരെ കാണുമ്പോള്‍ മനസ്സില്‍ ഒത്തിരി വിഷമം തോന്നും

      Delete
  10. പ്രവാസി കഥകളില്‍ സന്തോഷം കണ്ടെത്തുക വളരെ പ്രയാസമാണ്... ഒട്ടുമിക്ക കഥകളും ഇങ്ങനെ ദുരിതം പേറുന്നവയാണ്

    ReplyDelete
    Replies
    1. നന്ദി ശ്രീ വിനീത് വായനയ്ക്കും അഭിപ്രായത്തിനും .ഇതൊരു അനുഭവക്കുറിപ്പാണ് .ഞാന്‍ കണ്ട നേര്‍കാഴ്ചകളില്‍ ഒന്ന്

      Delete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ